PHOTO | WIKI COMMONS
ഇന്ന് സമ്പൂര്‍ണ സൂര്യഗ്രഹണം; ഇന്ത്യയുടെ ആദിത്യ എല്‍ വണിന് ദൃശ്യമാകില്ല
അന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണമാണ് ഇന്ന്. അമേരിക്ക, കാനഡ, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുന്നത്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം കാണാന്‍ സാധിക്കില്ല. സൂര്യനെക്കുറിച്ച് തുടര്‍ച്ചയായി പഠിക്കുന്ന ഇന്ത്യയുടെ ആദിത്യ എല്‍ 1 ന് വടക്കേ അമേരിക്കന്‍ ഭാഗങ്ങളില്‍ ദൃശ്യമാകുന്ന സൂര്യഗ്രഹണ കാഴ്ച നഷ്ടമാകും. ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലര്‍ച്ചെ 2.22 വരെ നീണ്ടുനില്‍ക്കും. 4 മിനിറ്റും 27 സെക്കന്റുമാണ് സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം. വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുന്നതെങ്കിലും അമേരിക്കയിലെ ടെക്‌സസ് മുതല്‍ മെയിന്‍ വരെയുള്ള സംസ്ഥാനങ്ങളിലായിരിക്കും സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാവുക.
എന്തുകൊണ്ട് ആദിത്യ എല്‍ 1 ന് കാണാന്‍ സാധിക്കില്ല
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ നല്‍കുന്ന വിവരം അനുസരിച്ച് 365 ദിവസം സൂര്യന്റെ തടസ്സമില്ലാത്ത കാഴ്ച നല്‍കുന്ന സ്ഥാനത്താണ് ഉപഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ഗ്രഹണം സംഭവിക്കുമ്പോള്‍ ഉപഗ്രഹത്തിന്റെ കാഴ്ച ഒരിക്കലും തടസ്സപ്പെടാത്ത നിലയിലാണ് ആദിത്യ എല്‍ 1 നിലക്കൊള്ളുന്നത്. ആദിത്യ എല്‍ 1 ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണുള്ളത്. തടസ്സം കൂടാതെ സൂര്യനെ വീക്ഷിക്കാന്‍ ഈ മേഖലയില്‍ സാധിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥന്‍ പറഞ്ഞു. ഇന്നത്തെ ഗ്രഹണ സമയത്ത് ഡോ ബാനര്‍ജി യുഎസിലെ ടെക്‌സസില്‍ ചില പരീക്ഷണങ്ങള്‍ നടത്തുമെന്നും ആ ഡാറ്റ അതേ വീക്ഷണ കാലയളവിലെ ആദിത്യ എല്‍ 1 ഡാറ്റയുമായി താരതമ്യം ചെയ്യുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഗ്രഹണം മൂലം സൂര്യനില്‍ മാറ്റങ്ങളൊന്നും വരുന്നില്ലെന്ന്് ആദിത്യ എല്‍ 1 ഉപഗ്രഹത്തിന്റെ പ്രൊജക്ട് ഡയറക്ടര്‍ നിഗര്‍ ഷാജി പറഞ്ഞു.